ചേളാരി (തൌഹീദ് നഗർ): ‘അന്ധവിശ്വാസങ്ങൾക്കെതിരെ നവോത്ഥാനമുന്നേറ്റം’ എന്ന പ്രമേയത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന മുജാഹിദ് മലപ്പുറം (വെസ്റ്റ്) ജില്ല മുജാഹിദ് സമ്മേളനത്തിന് ഉജ്വല തുടക്കം. ചേളാരി തൌഹീദ് നഗറിൽ പ്രത്യേകം സജ്ജമാക്കിയ വിശാലമായ പന്തലിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം തന്നെ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നായി സ്ത്രീകളടക്കം ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. രാജ്യത്തുനടക്കുന്ന തീവ്രവാദത്തിന്റെയും ഭീകരപ്രവർത്തനങ്ങളുടെയും ഉത്തരവാദിത്വം സമുദായത്തിന്റെ മേൽ കെട്ടിവെക്കുന്നതിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മാലേഗാവ്, സംത്ഥാഡ എക്സ്പ്രസ് അക്രമവും സ്ഫോടനവും ഇതാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദവും ഭീകരവാദവും വിളയിക്കുന്നത് ചരിത്രം പഠിക്കാത്തവരാണ്. ഒറ്റപ്പെടലിന്റെയും പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും പരിഹാരം തീവ്രവാദമോ ഭീകരവാദമോ ആണെന്ന മൌഢ്യധാരണകൾ സൃഷ്ടിക്കുന്ന ഇരുട്ടിന്റെ ശക്തികൾക്ക് അടിമപ്പെടാതെ വെളിച്ചത്തിന്റെ മാർഗം തേടുകയാണ് വേണ്ടത്. ഇരുട്ടിനെ പഴിക്കാതെ ഒരു മെഴുകുതിരിയെങ്കിലും തെളിയിക്കപ്പെടുന്ന ബുദ്ധിപരമായ മാർഗമാണ് നാം അവലംബിക്കേണ്ടത്. മുജാഹിദ് പ്രസ്ഥാനവും അതിന്റെ നേതാക്കളും സ്വീകരിച്ച നിലപാട് വെളിച്ചത്തിന്റെ വഴി വെട്ടിത്തെളിയിക്കുക എന്നതാണ്.
മുസ്‌ലിം സമുദായത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ മുജാഹിദ് പ്രസ്ഥാനം നടത്തിയ ഉജ്വലമായ വിദ്യാഭ്യാസ വിപ്ലവം ഏറെ ശ്ലാഖനീയമാണ്. പൌരോഹിത്യം വരിഞ്ഞുമുറുക്കിയ മുസ്‌ലിം സമുദായം സ്ത്രീവിദ്യാഭ്യാസവും ഭൌതികവിദ്യാഭ്യാസവും ധീരമായിപ്രഖ്യാപിച്ചവരാണ് മുജാഹിദ് നേതാക്കൾ. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ മുജാഹിദ് പ്രസ്ഥാനവും അതിന്റെ പൂർവകാല നേതാക്കന്മാരും വഹിച്ച പങ്ക് ചരിത്രത്തിൽ ഒരിക്കലും നിഷേധിക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
മമ്മുസാഹിബ് കോട്ടക്കൽ, യു പി അബ്ദുർറഹ്മാൻ മൌലവി, കുട്ടി അഹമ്മദ്കുട്ടി എം എൽ എ, വി പി അബ്ദുൽ ഹമീദ് മാസ്റ്റർ, ഷാനവാസ് പറവന്നൂർ, പി കെ അബ്ദുർറബ്ബ് എം എൽ എ, മുഹ്സിൻ കോട്ടക്കൽ, കെ കെ കൊച്ചുമുഹമ്മദ്, മുജീബ് കിനാലൂർ, കെ പി അബ്ദുൽ മജീദ്, എം കൃഷ്ണൻ മാസ്റ്റർ, ഫിറോസ് കള്ളിയിൽ, വി പി സൈദലവി, ബഷീർ പട്ടേൽതാഴം, ടി ഇബ്രാഹിം അൻസാരി പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം