ജിദ്ദ: പ്രവാസി വരുമാനത്തിന്റെ സിംഹ ഭാഗവും ചിലവഴിക്കപ്പെടുക വഴി രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമായി മാറിയ കേരള വിപണിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ പ്രവാസി കൂട്ടായ്‌മകള്‍ക്ക് സാധിക്കണമെന്ന് പ്രമുഖ വ്യവസായിയും ഇതാക മെന്‍സ് വെയര്‍ എംഡിയുമായ വി പി അബ്‌ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്‌ത മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരുമായി സംവദിക്കുവാന്‍ യുവാക്കള്‍ക്ക് അവസരമൊരുക്കുന്ന ഫോക്കസ് ജിദ്ദയുടെ ശ്രദ്ധേയമായ ‘ഗസ്‌റ്റ് ഓഫ് ദ മന്‍ത് ’ പരിപാടിയില്‍ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തോട് സമാന്തരമായി വിവിധ വ്യവസായ ഗ്രൂപ്പുകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുക വഴി ലഭിച്ച പരിചയവും ബന്ധങ്ങളും ഉപയോഗപ്പെടുത്തി യുവപ്രായത്തില്‍ തന്നെ വ്യാവസായിക രംഗത്ത് തന്റേതായ ഒരു മേഖല വളര്‍ത്തിയെടുക്കുവാന്‍ താന്‍ പിന്നിട്ട പാതകളിലെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.
ആസൂത്രണങ്ങളിലെ പിഴവുകളും, അമിതമായ ലാഭേഛയും, ഇടപാടുകളിലെ പാളിച്ചകളുമാണ് മലയാളികളുടെ പരാജയ കാരണങ്ങളെന്ന് അദ്ദേഹം നിരീക്ഷിച്ചു. വ്യക്‌തി കേന്ദ്രീകൃതമായ വ്യവസായങ്ങളെക്കാള്‍ കൂട്ടായ സംരംഭങ്ങള്‍ക്കേ പുതിയ കാലഘട്ടത്തില്‍ അതിജയിക്കാനാവൂ. ലാഭമായി ലഭിക്കുന്ന പണമെല്ലാം വീണ്ടും മുതല്‍ മുടക്കുന്നവനല്ല മറിച്ച് ലാഭത്തിന്റെ ഒരു ഭാഗം സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്തുന്നവനാണ് ഒരു നല്ല വ്യവസായി എന്നും, കൊണ്ടോട്ടി സെന്റര്‍, കൊണ്ടോട്ടി ഇസ്‌ലാമിക് ബാങ്ക്, കെഎംസിസി കൊണ്ടോട്ടി ഏരിയ തുടങ്ങിയ സംഘടനകള്‍ വഴി സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തന നിരതനായ അദ്ദേഹം ശ്രോദ്ധാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ പ്രാഥമിക പഠനവും ഇഎംഇഎ കോളേജിലെ ഉപരി പഠനവും പൂര്‍ത്തിയാക്കിയ ശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്‌മിനിസ്ട്രേഷനില്‍ മാസ്‌റ്റര്‍ ഡിഗ്രി എടുത്തു. വിവിധ വ്യവസായിക ഗ്രൂപ്പുകളോടൊപ്പം പ്രവര്‍ത്തിച്ച ശേഷം 2002 ല്‍ കോഴിക്കോട് കേന്ദ്രമാക്കി വസ്‌ത്ര വിപണന മേഖലയില്‍ ‘ഇതാക‘ എന്ന തന്റേതായ ബ്രാന്റ് വിപണിയിലിറക്കി. കേരളത്തിലെയും ബാംഗ്ലൂരിലെയും വിപണന രംഗത്ത് സ്ഥിരപ്രതിഷ്‌ടി നേടിയ ‘ഇതാക‘ 2005 ല്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചു. ഇപ്പോള്‍ ജിദ്ദയിലെ ശറഫിയ്യയിലും ബലദിലുമുള്ള ഇതാക ഷോറൂമുകള്‍ക്ക് പുറമെ യോക്‌സ്, മെലോ മെന്‍സ് വെയര്‍ എന്നീ ഷോറൂമുകള്‍ ആരംഭിച്ച അദ്ദേഹം താമസിയാതെ ശറഫിയ്യയിലെ ‘ഫാഷന്‍ വേള്‍ഡ് ഫാമിലി സെന്റര്‍’ ഉടമയായി. വസ്‌ത്ര വിപണന മേഖലക്ക് പുറമെ കോഴിക്കോട് കേന്ദ്രമാക്കി നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് പച്ചക്കറി, പഴ വര്‍ഗ്ഗങ്ങളുടെ കയറ്റുമതി നടന്ന് വരുന്നു. ഫാഷന്‍ വേള്‍ഡിന്റെ അടുത്ത ഷോറൂം ഉടനെ തന്നെ ഖത്തറില്‍ പ്രവര്ത്തനമാരംഭിക്കുന്നതോടൊപ് പം 2013 ഓടെ സൌദിയിലും പുറത്തുമായി അഞ്ച് ഫാമിലി ഷോപ്പിങ് സെന്ററുകള്‍ ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഇലക്‌ട്രോണിക്‌സ് മേഖലയില്‍ തന്റേതായ ഒരു ബ്രാന്റ് ഇന്ത്യയില്‍ സ്ഥാപിക്കുകയാണ് അദ്ദേഹത്തിന്റെ അടുത്ത ലക്‌ഷ്യം.
ശറഫിയ്യയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫോക്കസ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ഷകീല്‍ ബാബു അദ്ധ്യക്ഷനായിരുന്നു. ഉപദേശക സമിതി അംഗം സലാഹ് കാരാടന്‍ അതിഥിക്ക് ഉപഹാരം സമര്‍പ്പിച്ചു. അന്‍വര്‍ സാദത്ത് സ്വാഗതവും ജംഷീദ് കുനിയില്‍ നന്ദിയും പറഞ്ഞു. ഫോക്കസ് ജിദ്ദയും അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പും സംയുക്‌തമായി സംഘടിപ്പിച്ച് വരുന്ന ‘സൌജന്യ കിഡ്‌നി പരിശോധന‘യുടെ നാലാമത്തെ ക്യാമ്പ് വരുന്ന വെള്ളിയാഴ്‌ച രാവിലെ ഒമ്പത് മുതല്‍ ശറഫിയ അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
ഫോക്കസ് ജിദ്ദക്ക് എല്ലാ ആശംസകളും...പരിപാടി നന്നായി ആസ്വദിച്ചു...
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം