ദോഹ: ഖുര്‍ആനുമായുളള സഹവാസത്തിലൂടെയും സഹജീവനത്തിലൂടെയും മാത്രമേ മാനവസമൂഹത്തിന് സമാധാനവും ശ്വാശ്വതവിജയവും സാധ്യമാവൂ എന്ന് പ്രഗല്‍ഭ പണ്ഡിതനും ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ഡയരക്ടറുമായ സി.എ. സഈദ് ഫാറൂഖി പ്രസ്താവിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ മദീനഖലീഫയിലെ മര്‍ക്കസുദ്ദഅ്‌വയില്‍ നടത്തിയ ഖുര്‍ആന്‍ അവാര്‍ഡ് ദാന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആരെയും അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യാനുതകുന്ന രൂപത്തില്‍ പ്രാപഞ്ചിക വിസ്മയങ്ങളും ജീവിതദര്‍ശനവും ഉള്‍ക്കൊളളുന്ന വിശുദ്ധഖുര്‍ആനിന്റെ പഠനം അതിമനോഹരമായ വായനാനുഭവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കുന്നതോടെ മഹോന്നതനായ ദൈവത്തിന്റെ മഹത്വം കൂടുതലായി ബോധ്യപ്പെടുകയും ആ ദൈവത്തിന്റെ അടിമകളാണ് നാം എന്ന തിരിച്ചറിവില്‍ വിനയാന്വിതരായിത്തീരുകയും ചെയ്യും. ചിന്തയെ മരവിപ്പിക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്ന വായനകളില്‍ നിന്നും വിനോദങ്ങളില്‍ നിന്നും വിട്ടുനിന്ന് ജീവിതം ദൈവപ്രീതിക്ക് അനുയോജ്യമാക്കിത്തീര്‍ക്കുന്ന യുക്തിനിഷ്ഠമായ നിലപാട് സ്വീകരിക്കാന്‍ സഈദ് ഫാറൂഖി ആഹ്വാനം ചെയ്തു.
ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ റമദാനില്‍ നടത്തിയ ഖുര്‍ആന്‍ വിജ്ഞാനപരീക്ഷയിലും ഖുര്‍ആന്‍ പഠനവിഭാഗം ആരംഭിച്ച “വെളിച്ചം” ഖുര്‍ആന്‍ പഠനപദ്ധതിയുടെ ഒന്നാ ഘട്ടത്തിലും വിജയികളായവര്‍ക്ക് ഫനാര്‍ ഡയറക്ടര്‍ ശൈഖ് അബ്ദുല്ല അല്‍മുല്ല, ഡോ.അലി ഇദ്‌രീസ്, റാഫ് പ്രതിനിധി ഫഹദ് അല്‍ഖഹ്താനി, ക്വാളിറ്റി ഗ്രൂപ്പ് എം.ഡി. ശംസുദ്ധീന്‍ ഒളകര, ലുലു മാനേജര്‍ ഷാനവാസ് , അപ്പോളോ ഗോള്‍ഡ് റീജ്യണല്‍ മാനേജര്‍ നിയാസ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. “വെളിച്ചം” പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് നേടി വിജയികളായ 213 പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെ അബൂബക്കര്‍ കെ.പി (ബിന്‍ഉംറാന്‍), സഗീര്‍ പി.എം (അബൂഹമൂര്‍), മുഹമ്മദ് റശീദ് പി.ടി (മന്‍സൂറ), സമീറ നൗഷാദ് (ദുഖാന്‍), നസീമ ഹസീബ് (കഹ്‌റുബ), റാബിയ സലാം (ഓള്‍ഡ് എയര്‍പോര്‍ട്ട്), ഹാഫിസ് മുഹമ്മദ് (മിസൈദ്), ഹാഫിദ് അലി (ദുഖാന്‍), ഫാത്തിമ അബു (മുഗളിന) എന്നിവര്‍ സമ്മാനാര്‍ഹരായി. ഏറ്റവും പ്രായം കൂടിയ പരീക്ഷാര്‍ത്ഥിയായ റഹീമാ ബീവി (മഅ്മൂറ)ക്ക് പ്രത്യേക ഉപഹാരം നല്‍കി.
വെളിച്ചം പദ്ധതിക്ക് വേണ്ടി ആരംഭിച്ച വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് ഫനാര്‍ ഡയറക്ടര്‍ ശൈഖ് അബ്ദുല്ല അല്‍മുല്ല നിര്‍വഹിച്ചു. ഇസ്‌ലാഹീ സെന്റര്‍ പ്രസിഡണ്ട് കെ.എന്‍. സുലൈമാന്‍ മദനി അദ്ധ്യക്ഷത വഹിച്ചു. വെളിച്ചം ചെയര്‍മാന്‍ ഡോ. അബ്ദുല്‍അഹദ് മദനി, പരീക്ഷാ കണ്‍ട്രോളര്‍ സുബൈര്‍ വക്‌റ, അബ്ദുല്‍അലി എന്നിവര്‍ പ്രസംഗിച്ചു. അഹ്മദ് കബീര്‍, കെ.യു. അബ്ദുല്‍ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു. ഇസ്‌ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ലത്തീഫ് നല്ലളം സ്വാഗതവും റിയാസ് വാണിമേല്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം