Monday, May 07, 2012

പള്ളികളെല്ലാം മുസ്‌ലിം സ്ത്രീകള്‍ക്ക് തുറന്നുകൊടുക്കണം: കേരള മുസ്‌ലിം വനിതാ സമ്മേളനം



കോഴിക്കോട്: സംസ്ഥാനത്തെ മുസ്‌ലിം പള്ളി വാതിലുകള്‍ സ്ത്രീകള്‍ക്ക് നേരെ കൊട്ടിയടക്കാന്‍ അനുവദിക്കില്ലെന്ന് കോഴിക്കോട്ട് സമാപിച്ച കേരള മുസ്‌ലിം വനിതാ സമ്മേളനം പ്രഖ്യാപിച്ചു. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മുസ്‌ലിം സ്ത്രീകളുടെ പള്ളികളിലെ ആരാധനാ സ്വാതന്ത്ര്യം തടയാന്‍ ആരെയും അനുവദിക്കുയില്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മാനവികതയുടെ മുദ്രാവാക്യം ഉയര്‍ത്തി യാത്ര നടത്തുന്നവര്‍ തങ്ങളുടെ പളളികളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് മാനുഷികമായ സ്വാതന്ത്ര്യം കൊട്ടിയടക്കുകയും മുസ്‌ലിം സ്ത്രീകളുടെ സാമൂഹിക ഇടപെടലിനുള്ള അവകാശം നിഷേധിക്കുകയും ചെയ്യുന്നു. ഇത്തരക്കാരുടെ മാനവികതാ മുദ്രാവാക്യം കാപട്യവും തട്ടിപ്പുമാണ്. ഇസ്‌ലാമിക വ്യക്തിത്വവും മാന്യതയും കാത്തുസൂക്ഷിച്ചുകൊണ്ട് തൊഴിലെടുക്കാനും സാമൂഹിക ഇടപെടലുകള്‍ നടത്താനും ഇസ്‌ലാം നല്കിയ സ്വാതന്ത്ര്യം ആര്‍ക്ക് മുന്നിലും അടിയറ വെക്കാവതല്ലെന്ന് സമ്മേളന ഭാഗമായി നടന്ന ഉദ്യോഗസ്ഥ മഹിളാ സമ്മേളനം മുസ്‌ലിം ആഹ്വാനം ചെയ്തു. 


നവോത്ഥാന പ്രസ്ഥാനത്തിന്റെ വക്താക്കളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ തന്നെ മുസ്‌ലിം സ്ത്രീകള്‍ തൊഴിലെടുക്കുന്നതും മാന്യമായ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതും മതവിരുദ്ധമാണെന്ന് ഫത്‌വ ഇറക്കുന്നതും പ്രചാരണം നടത്തുന്നതും ആശങ്കാജനകമാണ്. സാമൂഹ്യ വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുസ്‌ലിം സ്ത്രീകളുടെ പ്രാതിനിധ്യത്തിനുവേണ്ടി പണിയെടുക്കുകയും പോരാടുകയും ചെയ്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ മുസ്‌ലിം സ്ത്രീകളെ വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടാന്‍ ഫത്‌വകളുമായി രംഗപ്രവേശം ചെയ്യുന്നത് കടുത്ത അപരാധമാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാന്യമായ സാഹചര്യം ഉറപ്പുവരുത്താന്‍ ഉടമക്ക് ബാധ്യത നിശ്ചയിക്കുന്ന നിയമനിര്‍മാണം നടത്തണമെന്ന് സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. 


 സ്ത്രീ തൊഴിലാളികള്‍ക്ക് അവരുടേതായ ശാരീരികവും മാനസികവുമായ പരിഗണനകള്‍ വെച്ചുകൊണ്ടുള്ള തൊഴില്‍ സാഹചര്യം ഉറപ്പു വരുത്തണം. സ്വകാര്യ തൊഴില്‍ സംരംഭങ്ങളില്‍ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിച്ച് ജോലിക്കനുസൃതമായി വേതനം ലഭ്യമാക്കാന്‍ നടപടിയുണ്ടാവണം. നഴ്‌സിംഗ് മേഖലയുള്‍പ്പെടെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന വിവിധ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇതിനെതിരെ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധം നടപ്പിലാക്കുമെന്ന വാഗ്ദാനം മാറിമാറി വരുന്ന സര്‍ക്കാറുകള്‍ അവഗണിക്കുന്നത് സ്ത്രീ സമൂഹത്തോട് ചെയ്യുന്ന അപരാധമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. മദ്യഷാപ്പുകളുടെ നിയന്ത്രണാധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്നത് പുനസ്ഥാപിക്കുന്നത് പ്രായോഗികതലത്തില്‍ ഇനിയും പൂര്‍ണമായി നടപ്പിലാക്കാതതത് അംഗീകരിക്കാവതല്ല. മദ്യവും ലഹരിയും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിന്റെ ദുരന്തം പേറുന്നത് അധികവും കുടുംബിനികളാണെന്നതിനാല്‍ മദ്യലഹരി വിരുദ്ധ സമരങ്ങളില്‍ സ്ത്രീ സമൂഹം തങ്ങളുടേതായ പങ്ക് നിര്‍വഹിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. 


 സ്ത്രീ ശാക്തീകരണ സമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് മുഖ്യാതിഥി ആയിരുന്നു. ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, നൗഷാദ് അരീക്കോട്, ശഫീഖ് അസ്‌ലം വിഷയം അവതരിപ്പിച്ചു. ഉദ്യോഗസ്ഥ-മഹിളാ സമ്മേളനം കെ എന്‍ എം ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി ടീച്ചര്‍ മുഖ്യാതിഥി ആയിരുന്നു. സ്ത്രീ ശാക്തീകരണത്തിന് ഇസ്‌ലാം വര്‍ധിച്ച പരിഗണന നല്കിയിട്ടുണ്ടെന്നും സ്ത്രീകളെ സാമൂഹിക മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ എല്ലാവരും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. നജീബ അബ്ദുല്‍ഹഖ് അധ്യക്ഷത വഹിച്ചു. ഡോ. പി പി അബ്ദുല്‍ഹഖ്, ഖദീജ നര്‍ഗീസ്, സി ടി ആഇശ ടീച്ചര്‍, റസിയാബി ഹാറൂന്‍, റുഖിയ പൂനൂര്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...