ദോഹ: ഇസ്‌ലാം മതവും മുജാഹിദ് പ്രസ്ഥാനവും എതിര്‍ത്ത അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കുമാണ് മുസ്‌ലിംകളില്‍ ഒരുവിഭാഗം സമൂഹത്തെ വലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അലി മദനി മൊറയൂര്‍ പറഞ്ഞു. യാഥാസ്ഥിതികതയെ എതിര്‍ത്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ ലേബലില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് വേദനാജനകമാണ്. ഏകദൈവത്തെ മാത്രം ആരാധിക്കാനാണ് ഇസ്‌ലാം മതം പഠിപ്പിച്ചത്. എന്നാല്‍ ചിലര്‍ ജിന്നുകളെ വിളിച്ച് സഹായം തേടുകയാണ്. ഇത്തരം ആശയങ്ങള്‍ക്കെതിരെ 2007 മുതല്‍ പ്രസ്ഥാനം പ്രത്യക്ഷമായി രംഗത്തുണ്ടെന്നും വികലമായ വിശ്വാസങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിന്നുകളോട് സഹായം അഭ്യര്‍ഥിക്കുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വത്തില്‍ നിന്നുതന്നെയുള്ള വ്യതിചലനമാണ്. ഇതേകാര്യം പ്രവാചകന് മുമ്പ് മക്കയിലെ മുശ്‌രിക്കുകള്‍ ചെയ്തിരുന്നതായി ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. നീണ്ട ആറ് പതിറ്റാണ്ടിലേറെ കാലം മുജാഹിദ് പ്രസ്ഥാനം കഠിനാധ്വാനം ചെയ്ത് ഇല്ലാതാക്കിയ കേരള മുസ്‌ലിംകള്‍ക്കിടയിലെ അന്ധവിശ്വാസങ്ങളെയാണ് അതേ പ്രസ്ഥാനത്തിന്റെ ആശയക്കാരെന്ന് പറയുന്ന ഒരു വിഭാഗം തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് കെ എന്‍ എം (എ പി വിഭാഗം) സംസ്ഥാന നേതാവ് എ പി അബ്ദുല്‍ ഖാദര്‍ മൗലവി ഖേദത്തോടെ പറഞ്ഞ കാര്യം അലി മദനി മൊറയൂര്‍ അനുസ്മരിച്ചു.
അറുപത് വര്‍ഷമല്ല, പ്രവാചകന് മുമ്പുള്ള കാലത്തേക്കാണ് ഇത്തരക്കാര്‍ പ്രസ്ഥാനത്തെ വലിച്ചുകൊണ്ടുപോകുന്നത്. വിശുദ്ധ ഖുര്‍ആനും പ്രവാചകനും പഠിപ്പിച്ച കാര്യങ്ങളാണ് മതത്തില്‍ അനുശാസിക്കേണ്ടത്. ഇതിനുവേണ്ടിയുള്ള വ്യത്യസ്ത തലങ്ങളിലുള്ള ബോധവത്ക്കരണങ്ങള്‍ നടത്തുന്നതായി അദ്ദേഹം പറഞ്ഞു. പ്രസംഗങ്ങള്‍, ക്ലാസ്സുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയ വിവിധ രീതികള്‍ ബോധവത്ക്കരണത്തിനായി ഉപയോഗപ്പെടുത്താറുണ്ട്. മുസ്‌ലിം ലോകത്തെ നശിപ്പിക്കാനുള്ള ജൂതലോബിയുടെ ശ്രമം ഇത്തരം അന്ധവിശ്വാസ പ്രചരണങ്ങള്‍ക്ക് പിറകിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ മുസ്‌ലിംകളെ നശിപ്പിക്കാന്‍ ഏറ്റവും മികച്ച രീതി കേരള മുസ്‌ലിംകളെ തകര്‍ക്കലാണെന്നും അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം മുജാഹിദുകളെ ഇല്ലാതാക്കലാണെന്നും അതാണ് ഇപ്പോഴത്തെ അന്ധവിശ്വാസ പ്രചരണങ്ങളിലൂടെ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ അറിഞ്ഞോ അറിയാതെയോ ജൂതലോബിയുടെ കൈയ്യിലെ കളിപ്പാവകളാകുന്നുണ്ട്. സുന്നികളിലെ എ പി, ഇ കെ വിഭാഗങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവര്‍ മതപ്രബോധനത്തിനും ഭൗതിക വിദ്യാഭ്യാസത്തിനുമായി ഇപ്പോള്‍ നിരവധി സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെങ്കിലും ഇവര്‍ക്കെല്ലാം പ്രചോദനമായത് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവരെ മാറ്റി നിര്‍ത്തിയാല്‍ ഭിന്നിച്ചു പോയ മുജാഹിദ് പ്രസ്ഥാനത്തിന് ഒന്നാകാവുന്നതേയുള്ളുവെന്നും അതൊരു കീഴടങ്ങലല്ല, ആദര്‍ശപരമായ യോജിപ്പായിരിക്കുമെന്നും അലി മദനി മൊറയൂര്‍ പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം