കോഴിക്കോട്: ഡിജിറ്റല്‍ യുഗത്തില്‍ പുനരാനയിക്കപ്പെടുന്ന അന്ധവിശ്വാസങ്ങള്‍ക്ക് ശക്തമായ താക്കീതു നല്കി 'സാമൂഹിക നവോത്ഥാനത്തിന് സ്ത്രീമുന്നേറ്റം' എന്ന പ്രമേയവുമായി സംഘടിപ്പിച്ച കേരള മുസ്‌ലിം വനിതാസമ്മേളനത്തിന് പ്രൗഢമായ സമാപനം. ശക്തമായ സമൂഹസൃഷ്ടിയില്‍ മാത്രമല്ല, അതിന്റെ ദിശ നിര്‍ണയിക്കുന്നതിലും സ്ത്രീകളുടെ പങ്ക് നിര്‍ണായകമായിരിക്കുമെന്ന പ്രഖ്യാപനം കൂടിയായി ഇന്നലെ കോഴിക്കോട് കടപ്പുറത്ത് അരങ്ങേറിയ സ്ത്രീകളുടെ മഹാസംഗമം. സാമൂഹിക നവോത്ഥാനത്തിന് തങ്ങളുടെ പങ്ക് നിര്‍വഹിക്കുമെന്ന പ്രതിജ്ഞ ഒരിക്കല്‍കൂടി ആവര്‍ത്തിച്ചുകൊണ്ടാണ് വനിതാ സമ്മേളനത്തിന് സമാപ്തിയായത്.
രണ്ടു ദിവസമായി നടന്ന വനിതാ സമ്മേളനത്തിന്റെ പൊതുസമ്മേളനം കടപ്പുറത്തെ തുറന്ന വേദിയില്‍ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ഡോ. ഫൗസിയ ചൗധരി ബാംഗ്ലൂര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളെക്കുറിച്ച് സമൂഹം കല്പിച്ചുവെച്ച ധാരണകളില്‍ നിന്നും ആദ്യം സ്ത്രീകള്‍ തന്നെ മോചിതരാവണമെന്ന് ഡോ. ഫൗസിയ പറഞ്ഞു. ഒരു വശത്ത് സ്ത്രീയെന്നത് സന്താനോല്പാദനത്തിനായുള്ള ഉപാധി മാത്രമായി വ്യാഖ്യാനിക്കപ്പെടുന്നു. മറുവശത്ത് സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുടുംബബന്ധങ്ങള്‍ക്കു പോലും വില കല്പിക്കാത്ത, വിവാഹം പോലും അസ്വാതന്ത്ര്യമാണെന്ന് കരുതുന്ന മറ്റൊരു സമൂഹം മാധ്യമങ്ങളുടെയും മറ്റും സഹായത്തോടെ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. സ്ത്രീക്ക് സ്വന്തമായ വ്യക്തിത്വമുണ്ടെന്ന് കാണിച്ചു കൊടുക്കാന്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നും ഡോ. ഫൗസിയ ചൗധരി പറഞ്ഞു.
ചടങ്ങില്‍ വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണും സ്വാഗതസംഘം ചെയര്‍പേഴ്‌സണുമായ ഖമറുന്നീസ അന്‍വര്‍ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിദ്യാഭ്യാത്തില്‍ സ്ത്രീകള്‍ക്ക് മുഖ്യപങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. വളരെ പിന്നാക്കം നില്‍ക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥനങ്ങളിലെ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ ഇസ്‌ലാഹീമൂവ്‌മെന്റ് മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ ബംഗാള്‍, അസം, ബീഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയതായും അത് രാജസ്ഥാന്‍ പോലുള്ള സംസ്ഥാനത്തിലേക്ക് വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ സ്‌കൂളിലയക്കാനും സര്‍ക്കാര്‍ ആനൂകൂല്യങ്ങളെ കുറിച്ച് ബോധവത്കരിക്കാനും ശ്രമം തുടങ്ങി. വിദ്യാഭ്യാസം നേടിയാല്‍ തന്നെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം