ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ലെ മത, രാഷ്ട്രീയ, സാമൂഹ്യ മേഖലകളില്‍ സജീവമായ പതിനഞ്ച് സംഘടനകളുടെ പ്രതിനിധികള്‍ പ്രവാസിസമൂഹത്തിന്റെ നന്മക്കായി യോജിച്ച് നടത്താവുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ വിശകലനം ചെയ്തു. ഐഎസ്എം സംസ്ഥാന പ്രസിഡണ്ടും പ്രമുഖ കോളമിസ്റ്റുമായ മുജീബ്‌റഹ്മാന്‍ കിനാലൂര്‍ സംഗമം ഉല്‍ഘാടനം ചെയ്തു. സംഘടനകള്‍ക്കിടയില്‍ ജനലുകളും വാതിലുകളും അടച്ചിടുന്ന നിഷേധാത്മകത വെടിയുകയാണെങ്കില്‍ അവിടേക്ക് രജ്ഞിപ്പിന്റെയും പരസ്പര സ്‌നേഹത്തിന്റെയും കാറ്റും വെളിച്ചവും പ്രവേശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദര്‍ശപരമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ മുഴുവന്‍ സമൂഹത്തിന്റെയും നന്മക്കായി യോജിച്ച് പ്രവര്‍ത്തിക്കുകയെന്ന ഉദാത്തമായ സമീപനത്തിലേക്കുയരാന്‍ സാധിക്കാത്തതാണ് കേരളീയ ജനത അനുഭവിക്കുന്ന പ്രതിസന്ധികളുടെ മുഖ്യകാരണം. വൈവിധ്യമെന്നത് സമൂഹത്തിന്റെ ശേഷിയുടെ അടയാളമാണ്. വ്യത്യസ്തതകള്‍ തമ്മിലുള്ള മഴവില്‍ സംസ്‌കാരത്തിന്റെ വര്‍ണ്ണരാജിയായിരിക്കണം സമൂഹത്തിന്റെ മുഖമുദ്ര. യോജിപ്പിന്റെ മേഖലകളില്‍ പരമാവധി യോജിക്കുകയും വിയോജിപ്പ് ആരോഗ്യകരമാവുകയുമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യം, മയക്കുമരുന്ന്, അക്രമം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ പി അബൂബക്കര്‍ (ഐഎംസിസി), റഷീദ് കൊളത്തറ (ഒഐസിസി), പി എ മുഹമ്മദ് (ജംഇയ്യത്തുല്‍ അന്‍സാര്‍), സിറാജ് കൊല്ലം (കെഐജി), മുഹമ്മദ് അലി അസ്ഗര്‍ (എംഎസ്എസ്), മൂസക്കോയ പുളിക്കല്‍ (ഇസ്ലാഹി സെന്റര്‍), അഷ്‌റഫ് മൊറയൂര്‍ (ഫ്രറ്റേര്‍ണിറ്റി ഫോറം), ടി എച്ച് ദാരിമി (ഇസ്ലാമിക് സെന്റര്‍), അബൂബക്കര്‍ അരിമ്പ്ര (കെഎംസിസി), എന്‍ എം ജമാലുദ്ദീന്‍ (എംഇഎസ്), സമദ് കാരാടന്‍ (ഇന്ത്യന്‍ മീഡിയ ഫോറം), റഫീഖ് പത്തനാപുരം (നവോദയ), അമീര്‍ അലി (സിജി), സാജിര്‍ കുറ്റൂര്‍ (ഐഡിസി), കെ എന്‍ മുഹമ്മദ് അലി (ന്യൂ ഏജസ്) എന്നിവര്‍ സംസാരിച്ചു. ഒന്നിച്ചിരിക്കുകയെന്ന മഹത്തായ കാര്യം സാധ്യമാക്കിയ ഇസ്ലാഹി സെന്ററിനെ മുഴുവന്‍ പ്രാസംഗികരും പ്രശംസിച്ചു.
സംഘടനകള്‍ തങ്ങളുടെ അജണ്ടകള്‍ പുന:ക്രമീകരിക്കുകയും പൊതുപ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും വേണം, ശറഫിയ്യയിലെ അനാശാസ്യ പ്രവണതകള്‍ക്കെതിരെ വിവിധ സംഘടനാ പ്രതിനിധികളുടെ കൂട്ടായ്മ രൂപീകരിച്ച് സ്‌കോഡ് വര്‍ക്കുകള്‍ നടത്തണം, രോഗം കൊണ്ടും ദാരിദ്ര്യം കൊണ്ടും കഷ്ടപ്പെടുന്നവരെ സഹായിക്കുവാനുതകുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തണം, മത ധാര്‍മ്മിക മേഖലകളിലെ നല്ലമനസ്സുകളുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപീകരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ നടപടികള്‍ ഉണ്ടാവണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പ്രാസംഗികര്‍ ഉന്നയിച്ചു. മതസംഘടനകള്‍ പോലും രാഷ്ട്രീയ വല്‍ക്കരിക്കുകയും ആര്‍ഭാടമായ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനെ ചിലര്‍ വിമര്‍ശിച്ചു. യോജിപ്പിനേക്കാള്‍ വിയോജിപ്പ് ആരായുന്ന ഇക്കാലത്ത് ഈ സംഗമത്തിന്റെ ഉദ്ദേശശുദ്ധി വരെ നാളെ ചോദ്യം ചെയ്യപ്പെട്ടേക്കുമോ എന്ന് ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. സാകിര്‍ ഹുസൈന്‍, റഷീദ്, അന്‍വര്‍ വടക്കാങ്ങര, ഫസല്‍ കൊച്ചി എന്നിവരും സംസാരിച്ചു. മുപ്പതാം വാര്‍ഷികാഘോഷ കമ്മറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അദ്ധ്യക്ഷനായിരുന്നു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് സ്വാഗതവും, ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡണ്ട് അബ്ദുല്‍ കരീം സുല്ലമി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം