Tuesday, April 10, 2012

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സാഹിത്യ സായാഹ്നം ശ്രദ്ധേയമായി


ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സാഹിത്യ സദസ്സും പുസ്തകപ്രദര്‍ശനവും സംഘടിപ്പിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജിദ്ദയിലെ മുഴുവന്‍ സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും ആദരിച്ചു. പ്രൊഫ. റെയ്‌നോള്‍ഡ് സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്തു. ലോകത്ത് നിന്നും മാറിനിന്ന് കൊണ്ട് ചിന്തിച്ചു ലോകത്തെ പിടിച്ചു കുലുക്കുവാനും മുന്‍കൂട്ടി കാര്യങ്ങള്‍ ഗ്രഹിക്കാനുമുള്ള ശക്തിയുള്ളവനാണ് എഴുത്തുകാരന്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 


 എഴുത്തിനെ തന്റെ മനോരാജ്യത്തില്‍ പുനര്‍ സൃഷ്ടിക്കുന്ന വായനക്കാരനാണ് ഏതു കൃതികളെയും മികച്ചതോ അല്ലാത്തതോ ആക്കുന്നതെന്നും ഇമാധ്യമങ്ങളുടെ മുന്നേറ്റം പ്രിന്റ് മീഡിയയുടെ ഭാവിക്ക് ഒരു തകരാറും വരുത്തിയിട്ടില്ലെന്നും പ്രൊഫ. സുധാകരന്‍ അഭിപ്രപ്പെട്ടു. കൂട്ടായ്മകള്‍ ഒന്നൊന്നായി ആസൂത്രിതമായി തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് ഈ അക്ഷര സദസ്സ് വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. നിരൂപകരുടെ പ്രശംസക്കും മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പ്രശസ്തിക്കും അപ്പുറം അനുവാചകന്റെ ഹൃദയത്തില്‍ ഒരു ചെറിയ ഇടം ലഭിക്കുവാനാണ് എഴുത്തുകാരന്‍ ശ്രമിക്കേണ്ടതെന്നു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ബഷീര്‍ വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു. ജിദ്ദയിലെ എഴുത്തുകാരുടെ രചനകളെയും സാഹിത്യ സംഭാവനകളെയും അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി. യുട്യൂബ് കാലത്ത് ഫേസ് ബുക്ക് ദിനങ്ങളില്‍ പുസ്തകങ്ങള്‍ക്ക് ഇടം കിട്ടുന്നത് തന്നെ അത്ഭുതമാണെന്ന് എട്ടു പുസ്തകങ്ങള്‍ രചിച്ച ഉസ്മാന്‍ ഇരുമ്പുഴി അഭിപ്രായപ്പെട്ടു. ചെറുപ്പകാലത്തെ കടുത്ത അനുഭവങ്ങളാണ് തന്നിലെ വായനക്കാരനെയും എഴുത്തുകാരനെയും ഉണര്‍ത്തിയത് എന്ന് അദ്ദേഹം അനുസ്മരിച്ചു. 


എഴുത്തുകാരന്‍ നിരന്തരം തന്റെ മനസ്സില്‍ എഴുതി കൊണ്ടിരിക്കുന്നവനാണെന്നും എഴുത്തിനു ഇടവേളകളില്ലെന്നും കഥാകൃത്ത് അബു ഇരിങ്ങാട്ടിരി പറഞ്ഞു. വള്ളുവനാടന്‍ ഭാഷ മഹത്തരവും ഏറനാടന്‍ ഭാഷ മ്ലേച്ചവും ആയിക്കാണുന്ന തെറ്റായ ഭാഷാ സങ്കല്പത്തിന് എതിരിലുള്ള തന്റെ പ്രതികരണമാണ് ദൃഷ്ടാന്തങ്ങള്‍ എന്ന നോവലെന്നും അദ്ദേഹം പറഞ്ഞു. ദൃഷ്ടാന്തങ്ങളിലെ കഥാപാത്രങ്ങള്‍ പലരും ഇന്നും ജീവിച്ചിരിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതു മാധ്യമത്തില്‍ എഴുതിയാലും എഴുത്ത് ഒന്ന് തന്നെ എന്ന് പറഞ്ഞ ഇഎഴുത്തുകാരന്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരി, കിണറുകളും കുളങ്ങളും ആവാതെ ഒഴുകി കൊണ്ടിരിക്കുന്ന പുഴകള്‍ ആവാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍ വേണ്ടതെന്ന് പറഞ്ഞു.


മുസ്ലിം നവോഥ്താനത്തിന്റെ രാസത്വരകമായി പ്രവര്‍ത്തിച്ച ഇസ്ലാഹി പ്രസ്ഥാനംഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിനെ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ മുസാഫിര്‍ ശ്ലാഘിച്ചു. കഥയുടെയും പത്ര പ്രവര്‍ത്തനത്തിന്റെയും തന്റെ അനുഭവങ്ങള്‍ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. നമ്മുടെ സംസ്‌കാരത്തിന്റെ ചിഹ്നമായ മലയാളം മൃതഭാഷയാവാതിരിക്കാന്‍ നടത്തുന്ന ധന്യമായ വറഷയായി ഈ പ്രൌഡസദസ്സിനെ കാണുന്നതായി ഗോപി നെടുങ്ങാടി പറഞ്ഞു. ഇസ്ലാഹി സെന്റര്‍ പ്രസിദ്ധീകരിക്കുന്ന പടവുകള്‍ ഇമാഗസിന്‍ നാലാം ലക്കം പ്രകാശനം അദ്ദേഹം നിര്‍വഹിച്ചു. ബുര്‍സയും ആട് ജീവിതവും പോലുള്ള രണ്ടാംകിട സാഹിത്യ സൃഷ്ടികള്‍ ആദരിക്കപ്പെടുന്നതിന്റെ ദുരൂഹതകള്‍ ആരാഞ്ഞു കൊണ്ട് കവിയും കഥാകാരനുമായ മുസ്തഫ കീത്തടത്തു സാഹിത്യ വിവാദത്തിനു തുടക്കമിട്ടു. താന്‍ വരച്ച ഡോര്‍ ടു ഡോര്‍ കാര്‍ട്ടൂണ്‍ ഉണര്‍ത്തുന്ന വികാരം ചിരിയോ നൊമ്പരമോ എന്ന തീരുമാനം വായനക്കാരന് വിട്ടുകൊടുക്കുന്നതായി ഉസ്മാന്‍ ഇരുമ്പുഴി പ്രതികരിച്ചു. 


ബഹുജന പ്രസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള സാഹിത്യചര്‍ച്ചകള്‍ ഏറ്റെടുക്കണമെന്ന് രായികുട്ടി നീരാടു ആവശ്യപ്പെട്ടു. ദൈവത്തിന്റെ വരദാനമായി എഴുത്തിനെ കാണണമെന്നും ഇത്തരം സാഹിത്യ ചര്‍ച്ചകളിലൂടെ മത സംഘടനകള്‍ പുതിയ സാംസ്‌കാരിക പരിസരങ്ങള്‍ അന്‌സ്വെഷിക്കണമെന്നു ഇബ്രാഹിം ഷംനാദ് ആവശ്യപ്പെട്ടു. എഴുത്തുകാരും വായനക്കാരും തമ്മിലുള്ള സംവേദന സെഷന് ഡോ.അലി അക്ബര്‍ തുടക്കം കുറിച്ച്. സമൂഹത്തോട് പ്രതിബദ്ധതയുള്ളവരാണോ തങ്ങള്‍ എന്ന് എഴുത്തുകാര്‍ പുനരാലോചിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉസ്മാന്‍ ഇരുമ്പുഴി, അബൂ ഇരിങ്ങാട്ടിരി, മുസാഫര്‍, പ്രൊഫ. സി.വി.സുധാകരന്‍, മുസ്തഫ കീത്തടത്തു, രായിന്‍കുട്ടി നീരാട്, ഇബ്രാഹിം ശംനാട്, അന്‍വര്‍ വടക്കേക്കെങ്ങര, ഡോ. അലി അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


ജിദ്ദയിലെയും ജിദ്ദയുമായി ബന്ധമുള്ളവരുടെയും ആയ എഴുത്തുകാരുടെ അറുപതില്‍ പരം പുസ്തകങ്ങളുടെ പ്രദര്‍ശനം കാണാനും വില്പനക്കെത്തിയ പുസ്തകങ്ങള്‍ വാങ്ങാനും ധാരാളം സ്ത്രീകളും പുരുഷന്മാരും എത്തി. പുസ്തകങ്ങളുടെ പ്രസന്റേഷന്‍ ജെ.എന്‍.എച്ച് ഡയറക്ടര്‍ വിപി മുഹമദ് അലി സാഹിബ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാര്‍ക്ക് പ്രാപ്യമായ ഭാഷയില്‍ എഴുതാനും വായനയെ അതുവഴി ജനകീയ വല്കരിക്കാനും അദ്ദേഹം എഴുത്തുകാരെ ഉണര്‍ത്തി. തനിക്കും ഒരു എഴുത്തുകാരന്‍ ആവാനുള്ള ആഗ്രഹം അദ്ദേഹം തുറന്നു പറഞ്ഞു. സലിം ഐക്കരപ്പടി സ്വാഗതവും പ്രിന്‍സാദ് കോഴിക്കോട് നന്ദിയും പറഞ്ഞു. സിദ്ദിക്ക് വാണിയമ്പലം പടവുകള്‍ ഇ.മാഗസിന്‍ പരിചയപ്പെടുത്തി. മുജീബ് റഹ്മാന്‍ സ്വലാഹി 'വായിക്കുക' എന്നാരംഭിക്കുന്ന ഖുര്‍ആനിക സൂക്തം ഓതിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...