ജിദ്ദ: ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനം നവോത്ഥാനത്തെ തലതിരിച്ചു വായിക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായി മാറി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.എന്‍.എം. സ്‌റ്റേറ്റ് നേതാക്കള്‍ അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. കെ.ജെ.യു. വൈസ് പ്രസിഡണ്ടും ചിന്തകനുമായ സി.എം.മൗലവി ആലുവ സമ്മേളനം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലത്തെ വിലയിരുത്തുകയും പുതുജീവന്‍ നല്‍കിക്കൊണ്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് നവോത്ഥാനം സാധിക്കുക. കായിക താരങ്ങള്‍ എപ്രകാരം പിന്നില്‍ നിന്നും ശക്തി സംഭരിച്ചു മുന്നോട്ടു കുതിക്കുന്നുവോ അപ്രകാരം ശക്തി സംഭരിച്ചു കൊണ്ടായിരിക്കണം മുന്നോട്ടുള്ള പ്രയാണം. അടുത്തുള്ളവ വലുതായും ദൂരെയുള്ളവ ചെറുതായി അനുഭവപ്പെടുന്ന കാഴ്ചയുടെ മാനദണ്ഡം മതസംഹിതകളില്‍ പ്രയോഗവല്‍ക്കരിക്കപ്പെട്ടപ്പോള്‍ പ്രവാചകനും അനുയായി വൃന്ദവും ചെറുതാവുകയും പ്രാദേശിക പൗരോഹിത്യം ആകാശം മുട്ടെ വളര്‍ന്നു ലോകത്തെ നിയന്ത്രിക്കുന്ന ആളുകളായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. അനാവശ്യമായ ചര്‍ച്ചകളിലേക്ക് വായനയും ചിന്തയും തിരിച്ചു വിട്ടതാണ് മുസ്ലിം നവോത്ഥാനം മന്ദീഭവിച്ചു പോവാന്‍ കാരണമായത്. വായനയും പഠനവുമാണ് നവോത്ഥാനത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങള്‍. അറിവിന്റെ ലോകം വളരും തോറും ചിന്തകള്‍ വളര്‍ന്നു കൊണ്ടേയിരിക്കും. നവോത്ഥാനത്തിന്റെ ഒന്നാം ഘട്ടം ബുദ്ധിപരമായ ചോദ്യങ്ങളും രണ്ടാം ഘട്ടം സ്വത്വത്തെ കുറിച്ചുള്ള അഭിമാന ബോധവുമാണ്. ഈ രണ്ടു ഗുണങ്ങളും വിനഷ്ടമായതാണ് മുസ്ലിം സമൂഹത്തിന്റെ ഇന്നത്തെ കാതലായ പ്രശ്‌നങ്ങള്‍. സി.എം. വിലയിരുത്തി.
സമൂഹത്തിന്റെ ഭദ്രതയും ഐശ്വര്യവും സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടതാണ് എന്ന് കാണിച്ചു തന്ന മതമാണ് ഇസ്ലാം. ഖലീഫ ഉമര്‍ തന്റെ അഭാവത്തില്‍ ചുമതലകള്‍ ഏല്‍പ്പിച്ചിരുന്ന ധീര വനിത നുസൈബ ബിന്‍തു കഅബ്, പ്രവാചക നിയോഗം ഉണ്ടായപ്പോള്‍ മുഹമദ് നബിക്ക് ധൈര്യം പകര്‍ന്ന ഖദീജ തുടങ്ങി ഇസ്ലാമിക ചരിത്രത്തില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ വനിതകളെ കുറിച്ച് നിശബ്ദരായ പൗരോഹിത്യം സ്ത്രീകളെ ഭയപ്പെടുത്തി വീട്ടിനുള്ളില്‍ ഹോമിച്ചു തീര്‍ക്കാനുള്ള തന്ത്രമാണ് മെനയുന്നത്. ഭാസുരമായ ഭാവിക്കും വരും തലമുറക്കു വേണ്ടിയും നമ്മുടെ ചിന്തയും ശേഷിയും കഴിവും നാം വിനിയോഗിച്ചേ തീരൂ. സി.എം. പറഞ്ഞു.
വാര്‍, വൈന്‍, വുമന്‍ എന്നിവയില്‍ അഭിരമിച്ചു മൃഗങ്ങളേക്കാള്‍ അധപതിച്ച പുരാതന അറബികളെ ഇരുപത്തിമൂന്നു വര്‍ഷക്കാലത്തെ ക്രമപ്രവൃദ്ധമായ ശിക്ഷണം കൊണ്ട് പ്രവാചകന്‍ ലോകത്തിനു മുഴുവന്‍ മാതൃകാ സമൂഹമാക്കി മാറ്റിയെന്നു 'നവോത്ഥാനത്തിന്റെ സാംസ്‌കാരിക തലം' വിശകലനം ചെയ്തു കൊണ്ട് ഐ.എസ്.എം. വൈസ് പ്രസിഡന്റ് ജാഫര്‍ വാണിമേല്‍ പറഞ്ഞു. കേരളത്തിലെ മൊത്തം ജനതയ്ക്ക് അരിവാങ്ങാന്‍ ചിലവഴിക്കുന്നതിന്റെ നാല് മടങ്ങ് ലഹരിക്ക് വേണ്ടി വിനിയോഗിക്കുകയും, കേവലം മിസ്സ് കോളില്‍ കുടുംബ ബന്ധങ്ങള്‍ തകരുകയും, പിഞ്ചു പൈതങ്ങള്‍ പോലും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുകായും ചെയ്യുമ്പോള്‍, നമ്മുടെ സാമൂഹിക പശ്ചാത്തലവും അത്തരമൊരു അധപതനത്തിന്റെ വക്കിലാണ്. ജീവിതത്തിന്റെ ദൗത്യത്തെ കുറിച്ചുള്ള തിരിച്ചറിവും അവബോധവും നഷ്ടപ്പെട്ടതാണ് സമൂഹത്തിന്റെ കാതലായ പ്രശ്‌നം. ഓരോ ഇന്ത്യക്കാരന്റെയും കണ്ണുനീര്‍ ഇറ്റി വീഴുന്നത് വരെ സ്വാതന്ത്ര്യം പൂര്‍ത്തിയാകുന്നില്ലെന്നു പ്രഖ്യാപിച്ച മഹാത്മജിയുടെ വാക്കുകള്‍ പോലെ, ഇത്തരം ആഭാസ ജീവിതം നയിക്കുന്നവരെ മുഴുവന്‍ മറ്റുള്ളവര്‍ക്ക് മാതൃക നല്കുന്നവരാക്കി മാറ്റുന്നത് വരെ തങ്ങള്‍ക്കു വിശ്രമിക്കാന്‍ സാധിക്കില്ലെന്ന് നവോത്ഥാനപ്രവര്‍ത്തകര്‍ പ്രതിഞ്ജ എടുക്കണമെന്ന് ജാഫര്‍ ആവശ്യപ്പെട്ടു.
യുക്തിഭദ്രമായ ജീവിതത്തോടൊപ്പം ഭക്തി നിര്‍ഭരമായ ജീവിതം കൂടിചേരുമ്പോള്‍ മാത്രമേ ഇഹപര ജീവിതവിജയം നേടാന്‍ കഴിയൂ എന്ന് തുടര്‍ന്ന് പ്രസംഗിച്ച അബ്ദുല്‍ ലതീഫ് കരുംബുലാക്കല്‍ പ്രസ്താവിച്ചു. തങ്ങള്‍ക്കു നിര്‍ലോഭം ലഭിച്ച ബുദ്ധിശക്തിയെ ഉപയോഗിക്കാതിരുന്നത്തിന്റെ ഫലമാണ് ഭൌതികജ്ഞാനം നേടിയ ഉന്നതര്‍ വരെ ആള്‌ദൈവങ്ങള്‍ക്കും ആത്മീയ ചൂഷണത്തിനും ഇരയാവുന്നത്. ആത്മീയരംഗത്തെ വിഗ്രഹവല്കരണം മുമ്പെങ്ങും ഇല്ലാത്ത വിധം ശക്തിപ്പെടുകയാണ്. ആര്‍ക്കെങ്കിലും പുണ്യത്തിന് വേണ്ടി മുടിയോ മുടിവെള്ളമോ നല്‍കാത്ത ഒരു പ്രവാചകന്റെ പേരിലാണ് പൗരോഹിത്യം കേശത്തെ വിഗ്രഹവല്‍ക്കരിക്കുന്നത്. നവോത്ഥാന പ്രവര്‍ത്തകര്‍ എന്നവകാശപ്പെടുന്ന ചിലയാലുകളുടെ ചിന്തയും മുടിയില്‍ ചുറ്റിയിരിക്കയാണ്. കണ്ണേറും നാവും ബാധിക്കുമെന്ന് പറഞ്ഞു അവര്‍ പ്രാകൃത ചികിത്സ രീതികള്‍ വിധിക്കുന്നു. അദൃശ്യമായ നിലയില്‍ അഭൗതികമായി നമ്മെ രക്ഷിക്കുവാന്‍ അള്ളാഹുവിനു മാത്രമേ സാധിക്കൂ എന്ന ബോധം രൂഢമൂലമാവുമ്പോള്‍ നമ്മെ ആര്‍ക്കും വഴിപിഴപ്പിക്കാന്‍ സാധിക്കില്ല. കരുമ്പുലാക്കല്‍ ഉണര്‍ത്തി.
ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മൂസക്കോയ പുളിക്കല്‍ അധ്യക്ഷനായിരുന്നു. സെന്റര്‍ ഡയറക്ടര്‍ ഷെയ്ഖ് മുഹമദ് മര്‌സൂക് അല്‍ഹാരിഥി, എം.അഹ്മദ് കുട്ടി മദനി, ജെ.എന്‍.എച്ച് കോര്‍പറേറ്റ് മാനേജര്‍ എം.എം.ബഷീര്‍ പ്രസംഗിച്ചു. ജെ.എന്‍.എച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ അഷ്‌റഫ് പാട്ടത്തില്‍, നജീബ് കളപ്പാടന്‍, മുഹമദ് അഷ്‌റഫ് കൊച്ചി,അലി അഷ്‌റഫ് പുളിക്കല്‍ സംബന്ധിച്ചു. ഷംസുദ്ദീന്‍ അയനിക്കോട് സ്വാഗതവും അബ്ദുല്‍ കരീം സുല്ലമി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം