പാലക്കാട്: ന്യൂനപക്ഷ സമീപനത്തെക്കുറിച്ചുള്ള പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം ആത്മാര്‍ത്ഥമെങ്കില്‍ സി പി എം നയം തിരുത്തണമെന്ന് ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം. മൂന്നര പതിറ്റാണ്ടോളം ഭരണകുത്തക നിലനിര്‍ത്തിയ പശ്ചിമ ബംഗാളിലും ഇടതു സ്വാധീനം ശക്തമായ കേരളത്തിലും സി പി എമ്മിന് ഭരണം നഷ്ടമാക്കിയത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നത് കൊണ്ടാണെന്ന പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തിലെ തിരിച്ചറിവ് വസ്തുതാപരമാണെന്ന് പാലക്കാട് നടക്കുന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.
നന്ദിഗ്രാമിലെയും സിംങ്കൂരിലെയും കുടിയിറക്കല്‍ മാത്രമല്ല ബംഗാളിലെ മുസ്‌ലിംകളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയത്, മറിച്ച് വര്‍ഷങ്ങളായി ഇടത് ഭരണത്തിന്‍ കീഴില്‍ ആ സംസ്ഥാനത്തിലെ മുസ്‌ലിംകള്‍ അനുഭവിച്ച വിവേചനവും പിന്നാക്കാവസ്ഥയുമാണ്. മലപ്പുറത്ത് മുസ്‌ലിംകള്‍ക്കിടയില്‍ ഇടത് വിരുദ്ധ വോട്ട് ഏകീകരിക്കപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തിയ പാര്‍ട്ടി കോണ്‍ഗ്രസ് അതിന്റെ കാരണങ്ങള്‍ വിശകലന വിധേയമാക്കണം. മുസ്‌ലിംകളിലെ ജനാധിപത്യവാദികളും പുരോഗമനവാദികളുമായവരുടെ ചിന്താധാരയെ അവഗണിക്കുകയും പകരം യാഥാസ്ഥിക-തീവ്രവാദ ശക്തികളുമായി കൈകോര്‍ക്കുകയും ചെയ്ത പാര്‍ട്ടി ആ നയം തിരുത്താന്‍ തയ്യാറാകണം. മുസ്‌ലിം സംഘടിത പ്രസ്ഥാനങ്ങളോട് അവരുടെ സ്വത്വാടിസ്ഥാനത്തില്‍ സംവദിക്കാന്‍ പാര്‍ട്ടി സന്നദ്ധമാകാതെയുള്ള പരിഹാര നടപടികള്‍ വിലപ്പോകില്ലെന്നും ഐ എസ് എം സമ്മേളനം അഭിപ്രായപ്പെട്ടു.
പാലക്കാട് ഐ സി സി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം കെ എന്‍ എം സംസ്ഥാന ട്രഷറര്‍ എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. കെ ജെ യു സംസ്ഥാന ട്രഷറര്‍ ഈസ മദനി, ഐ എസ് എം ജനറല്‍സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, പി ഹഫീസുല്ല, യു പി യഹ്‌യാഖാന്‍ പ്രസംഗിച്ചു. അറബ് വസന്തം: സ്വാംശീകരിക്കേണ്ട പാഠങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച കെ പി ഖാലിദ് ഉദ്ഘാടനം ചെയ്തു. ജാഫര്‍ വാണിമേല്‍ അധ്യക്ഷത വഹിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം