കണ്ണൂര്‍: കെ എന്‍ എം പാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാനൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഇസ്‌ലാമിക് മെഡിക്കല്‍ എക്‌സിബിഷന് പ്രൗഢമായ തുടക്കം. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ മനുഷ്യ സൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങളിലെ സങ്കീര്‍ണ്ണതകളെ ശാസ്ത്രത്തിന്റെയും ഖുര്‍ആനിന്റെയും പിന്‍ബലത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. 4000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വിശാലമായ പന്തല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജീവജാലങ്ങളുടെ സൃഷ്ടിപ്പിന്റെ വിസ്മയ സത്യങ്ങളെ നേരിട്ട് കാണുന്നതിനായി ഒരു മിനി തിയേറ്ററും പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന പൊതുപരിപാടികള്‍ക്കായി പ്രത്യേക ഓഡിറ്റോറിയവും തയ്യാറാക്കിയിട്ടുണ്ട്. യുവതയുടെ പുസ്തകമേളയും പ്രദര്‍ശനത്തോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജുകളില്‍ നിന്നുള്ള വിവിധ സ്‌പെസിമനുകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിശീലനം ലഭിച്ച 120 വളണ്ടിയര്‍മാരാണ് പ്രദര്‍ശനം കാണാനെത്തുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുന്നത്. രണ്ട് ബാച്ചുകളിലായി നാല് ഷിഫ്റ്റുകളിലായിട്ടാണ് വളണ്ടിയര്‍മാരുടെ സേവനം. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം പൂര്‍ണ്ണമായും സൗജന്യമാണ്. 20 വനിതാ വളണ്ടിയര്‍മാരും പ്രദര്‍ശന നഗരിയില്‍ സദാസേവന സന്നദ്ധരാണ്.
മണ്ണില്‍ നിന്ന് തുടങ്ങി മണ്ണില്‍ അവസാനിക്കുന്ന മനുഷ്യ ജനിമൃതിയുടെ വിവിധ ഘട്ടങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. കണ്ണാടിയുടെ പ്രതിബിംബത്തിലൂടെ സ്വന്തം മയ്യത്തിന്റെ പ്രതീകാത്മക രൂപവും കബര്‍ നേരിട്ട് കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്ന 'ദി ട്രൂത്തി'ന്റെ കൗണ്‍സലിംഗ് സെന്ററും പ്രദര്‍ശന നഗരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദ്ഘാടന ദിവസമായ ഇന്നലെ മുതല്‍ പ്രദര്‍ശനം കാണാന്‍ നിരവധിയാളുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്നുകൊണ്ടിരിക്കുകയാണ്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം