Monday, February 13, 2012

ഫോക്കസ് ജിദ്ദ മാധ്യമ ശില്പശാല സമാപിച്ചു



ജിദ്ദ: മാധ്യമ ലോകത്തിന്റെ പുത്തന്‍ പ്രവണതകളും വാര്‍ത്തകളുടെ ബാലപാഠങ്ങളും ചര്‍ച്ച ചെയ്യപ്പെട്ട ഫോക്കസ് ജിദ്ദയുടെ ഏകദിന മാധ്യമ ശില്പശാല നവ്യാനുഭവമായി. വിവിധ മാധ്യമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരടക്കം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌ത അറുപത് അക്ഷര സ്നേഹികള്‍ പഠിതാക്കളായി പങ്കെടുത്ത ശില്പശാല ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ജനറല്‍ സെക്രട്ടറി നൌഷാദ് കരിങ്ങനാട് ഉല്‍ഘാടനം ചെയ്‌തു. വാര്‍ത്ത, അക്ഷരാശ്രമം, റിപ്പോര്‍ട്ടിംഗ് എന്നീ സെഷനുകള്‍ക്ക് യാഥാക്രമം കാസിം ഇരിക്കൂര്‍, ഉസ്‌മാന്‍ ഇരിങ്ങാട്ടിരി, സി ഒ ടി അസീസ് എന്നിവര്‍ നേതൃത്വം നല്‍കി. 

ജനങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുള്ളവ വസ്‌തുനിഷ്ഠമായും ശുദ്ധവും ലളിതവുമായ ഭാഷയിലും എത്തിച്ചു കൊടുക്കുമ്പോഴാണ് നല്ലവാര്‍ത്തകള്‍ പിറക്കുന്നതെന്ന് നിരീക്ഷിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ കാസിം ഇരിക്കൂര്‍ എഴുത്തുകാരന്‍ കാലഘട്ടത്തിന്റെ ഭാഷയില്‍ സംസാരിക്കണമെന്നും അഭിപ്രായപ്പെട്ടു. സുലൈമാന്‍ നബിയുടെ ചരിത്രത്തില്‍ വിവരിക്കുന്ന ആനറാഞ്ചി പക്ഷിയും, പുരാണങ്ങളിലെ നാരദമുനിയുമെല്ലാം പ്രാചീന കാലഘട്ടത്തില്‍ വാര്‍ത്തയെത്തിച്ചു കൊടുക്കുന്ന ഉപാധികളായിരുന്നെവെന്നും ധ്രുതഗതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലയാണ് വാര്‍ത്തകളുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ഗാത്മകതയിലൂടെ രചനകള്‍ പിറക്കുന്നതിന്റെ വിവിധ രൂപങ്ങള്‍ നുറുങ്ങ് കവിതകളിലൂടെയും കൊച്ചു കഥകളിലൂടെയും അവതരിപ്പിച്ച പ്രമുഖ എഴുത്തുകാരനും ബ്ലോഗറുമായ ഉസ്‌മാന്‍ ഇരിങ്ങാട്ടിരി കാലാന്തരത്തില്‍ രചനകളില്‍ വരുന്ന മാറ്റങ്ങള്‍ വിശദീകരിച്ചു. പഠിതാക്കളുടെ ഭാഷാപാടവം തെളിയിക്കുന്ന ‘ഭാഷാ ജാലകം’ മത്സരത്തിന് അദ്ദേഹം നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ടിംഗ് സെഷന്‍ നിയന്ത്രിച്ച മലയാളം ന്യൂസ് പത്രാധിപസമിതി അംഗം സി ഒ ടി അസീസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലെ അടിസ്ഥാന പാഠങ്ങള്‍ വിശദീകരിച്ചതോടൊപ്പം പഠിതാക്കളുടെ റിപ്പോര്‍ട്ടിംഗ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ലളിതവും ആകര്‍ഷകവുമായ തുടക്കവും പുതുമയുള്ള ശൈലിയുമാണ് വാര്‍ത്തയെ ജനകീയമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടിംഗ് മത്സരങ്ങളില്‍ യൂനുസ് മൈലപ്പുറം, റഹീം ചൂരി, സറീന ലത്തീഫ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഭാഷാജാലകത്തില്‍ രാജ്‌കുമാര്‍ വള്ളിക്കുന്ന്, ഷമീമ നൌഷാദ്, സാദിഖലി തുവ്വൂര്‍ എന്നിവര്‍ വിജയികളായി. സക്കീര്‍ ഹുസൈന്‍, അബ്ദുല്‍ സുല്‍ത്താന്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി. 

ശറഫിയ്യയിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല ഫോക്കസ് ജിദ്ദ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബഷീര്‍ വള്ളിക്കുന്ന്, ഇസ്ലാഹി സെന്റര്‍ സെക്രട്ടറി സലീം ഐക്കരപ്പടി എന്നിവര്‍ നിയന്ത്രിച്ചു. മുഹമ്മദലി ചുണ്ടക്കാടന്‍, ഡോ. ഇസ്‌മായില്‍ മരിതേരി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ക്യാമ്പ് അംഗ് ശംസുദ്ധീന്‍ അയനിക്കോട്, നാസര്‍ ഇതാഖ, രാജ്‌കുമാര്‍ വള്ളിക്കുന്ന് എന്നിവര്‍ സംസാരിച്ചു. മുജീബ്‌റഹ്‌മാന്‍ ചെങ്ങര സ്വാഗതവും, മുഹമ്മദ് ആര്യന്‍തൊടിക നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...