Sunday, February 19, 2012

ഖുര്‍ആന്‍ നടത്തിയ സാമൂഹ്യനവോത്ഥാനം ചരിത്രത്തില്‍ തുല്യതയില്ലാത്തത് - സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍

സുല്‍ത്താന്‍ ബത്തേരി: സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായി വിശുദ്ധ ഖുര്‍ആന്‍ നടത്തിയ സാമൂഹ്യ നവോത്ഥാനം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണെന്ന് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. സഹിഷ്ണുതയിലും സമഭാവനയിലും അധിഷ്ഠിതമായ ഒരു ജീവിതക്രമവും വിചാരരീതിയും സാമൂഹ്യ ബാധ്യതയായി സ്വീകരിച്ച് വിജയം നേടാനാണ് വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ഖുര്‍ആന്‍ തുടര്‍പഠന സംരംഭമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളുകളിലെ പഠിതാക്കളുടെ സംസ്ഥാന സംഗമം സുല്‍ത്താന്‍ ബത്തേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിഥിലീകരണ പ്രവണതകളെ ഖുര്‍ആന്‍ ശക്തമായി അപലപിക്കുന്നു. ഖുര്‍ആന്‍ പ്രത്യേക വര്‍ഗ്ഗത്തേയോ ദേശത്തേയോ അഭിസംബോധന ചെയ്യാതെ മനുഷ്യസമൂഹത്തെ ഒന്നായാണ് അഭിസംബോധന ചെയ്യുന്നത്.

മനുഷ്യന്റെ ലൗകികമായ മഹത്വത്തെയും സ്വാതന്ത്ര്യത്തെയും ഖുര്‍ആന്‍ അംഗീകരിക്കുന്നു. തങ്ങളോട് വിയോജിക്കുന്നവരോട് സഹിഷ്ണുത കാണിക്കുന്നവരും ഇടപാടുകളില്‍ നീതി പാലിക്കുന്നവരും ഉയര്‍ന്ന ധാര്‍മ്മിക നിലവാരം പുലര്‍ത്തുന്നവരുമായ വ്യക്തികളാണ് ആദര്‍ശ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകങ്ങളെന്ന് ഖുര്‍ആന്‍ ഉത്‌ഘോഷിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതില്‍ മുജാഹിദ് പ്രസ്ഥാനം നടത്തുന്ന സേവനങ്ങളെ സ്പീക്കര്‍ പ്രശംസിച്ചു.

ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ കിനാലൂര് അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് യുവത പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ഐ.സി. ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ഡോ. ആദില്‍ ഹസന്‍ യൂസുഫ് അല്‍ ഹമദ് (ബഹറൈന്‍) മുഖ്യാതിഥിയായിരുന്നു.

ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ ജെ യു ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഐ എസ് എം ജന. സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ഡോ. മുസ്തഫ ഫാറൂഖി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അയ്യൂബ്, ശമീമ ഇസ്‌ലാഹിയ, അഫ്‌സല്‍ മടവൂര്‍, അബ്ദുറഹ്‌മാന്‍ ഐഡിയല്‍, സുഹൈല്‍ സാബിര്‍, ഇസ്മായില്‍ കരിയാട് പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന പഠന സെഷനില്‍ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ ഡയറക്ടര്‍ സി എ സഈദ് ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. സി എം മൗലവി ആലുവ, എ അബ്ദുസ്സലാം സുല്ലമി, ശംസുദ്ദീന്‍ ഫാറൂഖി, സി.കെ. ഉസ്മാന്‍ ഫാറൂഖി, പി.എം.എ ഗഫൂര്‍ വിഷയങ്ങളവതരിപ്പിച്ചു.

സമാപനസമ്മേളനം എം.ഐ. ഷാനവാസ് എം.പി. ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍ കെ.എം. ഷബീര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്യു എല്‍ എസ് മത്സരവിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ ഇബ്‌റാഹിം ഹാജി ഏലാങ്കോട് വിതരണം ചെയ്തു. എം. സ്വലാഹുദ്ദീന്‍ മദനി, മമ്മുട്ടി മുസ്‌ലിയാര്‍ വയനാട്, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ ജലീല്‍ മദനി പ്രസംഗിച്ചു.
വിശുദ്ധ ഖുര്‍ആന്‍ സന്ദേശങ്ങള്‍ സാര്‍വ്വലൗകികവും സാര്‍വ്വ കാലികവുമാണെന്നിരിക്കെ ആധുനിക ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആനിക പരിഹാരം സാധ്യമാക്കാന്‍ ആഴത്തിലുള്ള പഠന ഗവേഷണങ്ങള്‍ക്ക് പണ്ഡിതര്‍ സജ്ജമാകണമെന്ന് ഖുര്‍ആന്‍ സംഗമം ആഹ്വാനം ചെയ്തു.  വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളെ കാലികമായി വായിക്കാനും ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും വൈജ്ഞാനിക മുന്നേറ്റമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

ലോകം നേരിടുന്ന മാനവിക പ്രതിസന്ധികള്‍ക്ക് ഖുര്‍ആന്‍ പരിഹാരമാണെന്നിരിക്കെ ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന് കൂട്ടായ മുന്നേറ്റമുണ്ടാകണെന്നും സമ്മേളനം ആവശ്യപ്പെട്ടു.

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് നവോത്ഥാനത്തെ പിറകോട്ട് വലിക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ വിശ്വാസികള്‍ ജാഗരൂകരാകണമെന്നും പൗരോഹിത്യത്തിന്റെ വിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ എല്ലാവരും കൈകോര്‍ക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഡിയം ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വിശാലമായ പന്തലിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അച്ചടക്കംകൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായ സമ്മേളനം വയനാടിന് നവ്യാനുഭവമായി.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...