Sunday, February 26, 2012

വ്യാജ മുടിപ്പള്ളിക്കെതിരെ സമൂഹം അണിനിരക്കുക : ഇസ്ലാഹി സെന്റര്‍ ജിദ്ദ

ജിദ്ദ: ‘കത്തുന്ന മുടി വിവാദവും കേരളീയ പൊതുസമൂഹവും’ എന്ന വിഷയത്തില്‍ ജിദ്ദയിലെ വിവിധ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഇസ്ലാഹി സെന്റര്‍ ജിദ്ദ മീഡിയ വിഭാഗം തുറന്ന സംവാദം സംഘടിപ്പിച്ചു. ശറഫിയയിലെ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന സംവാദത്തില്‍ ഇസ്ലാഹി സെന്റര്‍ മുഖ്യപ്രബോധകന്‍ എം അഹ്‌മദ് കുട്ടി മദനി വിഷയമവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റഷീദ് കൊളത്തറ (OICC), വി.കെ.റഊഫ് (നവോദയ), TH ദാരിമി (ഇസ്ലാമിക് സെന്റര്‍), അബൂബക്കര്‍ അരിമ്പ്ര (KMCC), നിസാര്‍ കരുവാരക്കുണ്ട് (KIG), മുഹമ്മദ് ആര്യന്‍ തൊടിക (ഫോക്കസ് ജിദ്ദ) പങ്കെടുത്തു.

ഇസ്ലാമിന്റെ യഥാര്‍ത്ഥ വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും അകന്ന സമൂഹം അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിറകെ പോയതിന്റെ തിക്തഫലമാണ് മുസ്ലിം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മുടിവിവാദവും അതിനോടനുബന്ധിച്ച് വന്നിട്ടുള്ള പൊള്ളയായ വാദങ്ങളും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും വിഷയാവതരണ പ്രസംഗത്തില്‍ എം അഹ്‌മദ് കുട്ടി മദനി സൂചിപ്പിച്ചു. പ്രവാചകന്റെ തിരുശേഷിപ്പായി ഏറ്റെടുക്കാന്‍ പറഞ്ഞത് വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ്. അതിനു പകരം മുടിപ്പള്ളിയില്‍ കെട്ടി സമുദായത്തെ പിറകിലേക്ക് വലിക്കുകയാണ് പൌരോഹിത്യ പരിവേഷമണിഞ്ഞ പണ്ഡിതന്മാര്‍. ഈ ധാര്‍ഷ്‌ട്യത്തിനെതിരെ സമൂഹത്തിന്റെ സര്‍വമേഖലകളില്‍ ഉള്ളവരും അണിനിരക്കണം. മദനി കൂട്ടിച്ചേര്‍ത്തു.

താനൊരു എ പി സുന്നിക്കാരനാണെന്ന്  തുറന്നു പറയാറുള്ള ടികെ ഹംസയായിരുന്നു പിണറായിക്ക് പകരം മുടിവിവാദത്തില്‍ ഇടപെടേണ്ടിയിരുന്നതെന്ന്   OICC പ്രതിനിധി റഷീദ് കൊളത്തറ അഭിപ്രായപ്പെട്ടു. പിറവം മലബാറില്‍ ആയിരുന്നെങ്കില്‍ പിണറായി പറയുന്ന അഭിപ്രായം ഇതാകുമായിരുന്നില്ല. പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയിലൂടെ തീര്‍പ്പുകല്‍പ്പിക്കേണ്ട ഇത്തരം വിഷയങ്ങളില്‍ കക്ഷിചേരാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഏതൊരാള്‍ക്കും അഭിപ്രായം പറയാമെന്ന് പറഞ്ഞ നവോദയ പ്രതിനിധി റഊഫ്, ആത്മീയതയുടെ മറവില്‍ വിശ്വാസി സമൂഹത്തെ ചൂഷണം ചെയ്യുന്ന ബിസിനസ് അജണ്ടകള്‍ക്ക് നേരെ കണ്ണടക്കാന്‍ കോണ്ഗ്രസ്സിനെ പോലെ തങ്ങള്‍ക്കു സാധിക്കില്ലെന്നു പ്രസ്താവിച്ചു. ചട്ടമ്പി സ്വാമികള്‍, വാക്‌ഭടാനന്ദ ഗുരു, ശ്രീ നാരായണ ഗുരു മുതല്‍ ഇസ്ലാഹി പ്രസ്ഥാനം വരെ നടത്തിയ നവോത്ഥാനത്തില്‍ നിന്നും തിരിഞ്ഞു നടക്കാന്‍ അനുവദിക്കരുത്. റഊഫ് തന്റെ പാര്‍ട്ടിയുടെ നയം വ്യക്തമാക്കി.

വിവിധ വീക്ഷണ കോണുകളിലൂടെ പ്രവാചകനെ സ്നേഹിച്ചിരുന്ന അനുയായികളില്‍ നിന്നും പ്രവാചകകേശം സൂക്ഷിച്ചിരുന്ന ചിലരെങ്കിലുമുണ്ടായിരുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പറഞ്ഞ ഇസ്ലാമിക് സെന്റര്‍ ജിദ്ദ പ്രതിനിധി ടി എച്ച് ദാരിമി, ഇപ്പോഴത്തെ വിവാദത്തില്‍ തങ്ങളുടെ സംഘടനയായ സമസ്‌തയുടെ പ്രശ്‌നം തിരുകേശത്തിന്റെ സനദു (ഉറവിടം) മായി ബന്ധപ്പെട്ടതാണെന്ന് സൂചിപ്പിച്ചു. ശരീഅത് വിവാദത്തില്‍ ഇ.എം.എസിന്റെ കൂടെ അണി നിരന്നയാളാണ് കാന്തപുരം. കാന്തപുരത്തെ വളര്‍ത്തിയതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ച പിണറായിയെ പോലുള്ളവര്‍ മതവിഷയങ്ങളില്‍ ഇടപെടുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാന്തപുരവും അനുയായികളും ഇന്നേവരെ നടത്തിയ അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടുമൊപ്പം വേദി പങ്കിട്ട പിണറായി വിജയന്‍ പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തില്‍ പുതിയ വിവാദങ്ങളുമായി വരുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്ന് പ്രസ്താവിച്ച KMCC പ്രതിനിധി അബൂബക്കര്‍ അരിമ്പ്ര ആത്മീയകച്ചവടങ്ങള്‍ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. സാമൂഹ്യ ദുരാചാരങ്ങളെ തോട്ടുതലോടിയ പാരമ്പര്യമാണ് മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിക്കുള്ളത്. ഇത്തരം ചര്‍ച്ചകളിലേക്ക് കേരളത്തിലെ മുസ്ലിം സംഘടനകളുടെ അജണ്ടകള്‍ വഴിമാറ്റപ്പെടുന്നത് സൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പൌരോഹിത്യത്തിന്റെ എല്ലാവിധ ചൂഷണങ്ങള്‍ക്കുമെതിരെ മാന്യതയും പരിധികളും സൂക്ഷിച്ചുകൊണ്ട് മതരാഷ്ട്രീയകക്ഷിഭേദമന്യേ എല്ലാവരും ശക്തമായി ഇടപെടണമെന്ന് KIG പ്രതിനിധി നിസാര്‍ കരുവാരക്കുണ്ട് അഭിപ്രായപ്പെട്ടു. മുടി കത്തുമോ ഇല്ലയോ എന്നതല്ല പ്രശ്‌നം വരാനിരിക്കുന്ന പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നടത്താന്‍ പോവുന്ന  ചൂഷണങ്ങളാണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും അദ്ദേഹം വിലയിരുത്തി.

പൌരോഹിത്യത്തിന്റെ സാമ്പത്തിക ചൂഷണങ്ങളെ മതവിഷയങ്ങളെന്ന് പറഞ്ഞ് ലഘൂകരിച്ച് അഭിപ്രായം പറയാന്‍ പോലും തയ്യാറാവാത്ത രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ  അതത് പാര്‍ട്ടികളിലെ യുവാക്കള്‍ തിരുത്തണമെന്ന്  ഫോക്കസ് ജിദ്ദ പ്രതിനിധി മുഹമ്മദ് ആര്യന്‍തൊടിക ആവശ്യപ്പെട്ടു.

ഇസ്ലാഹി സെന്റര്‍ ജിദ്ദ സെക്രട്ടറി സലീം ഐക്കരപ്പടി മോഡറേറ്ററായിരുന്നു. ശ്രോദ്ധാക്കളുടെ ചോദ്യങ്ങള്‍ക്ക് അഹ്‌മദ് കുട്ടി മദനി മറുപടി പറഞ്ഞു. സിദ്ദീഖ് വാണിയമ്പലം സ്വാഗതവും ജരീര്‍ വേങ്ങര നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...