ഹുമയൂൺ കബീർ ഫാറൂഖി |
ദോഹ: ജീവിതത്തില്‍ ദൈവഭക്തി വളര്‍ത്തിയെടുക്കുന്നതിനും പരമാവധി പുണ്യങ്ങള്‍ കരസ്ഥമാക്കുന്നതിനും വിശ്വാസികള്‍ക്ക് ലഭിക്കുന്ന അസുലഭാവസരമാണ് വിശുദ്ധറമദ്വാന്‍ മാസമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പാറാല്‍ ഡി.ഐ.എ. കോളെജ് പ്രിന്‍സിപ്പാളുമായ എം.ഐ. മുഹമ്മദ് അലി സുല്ലമി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ മര്‍കസുദ്ദഅ്‌വയില്‍ സംഘടിപ്പിച്ച “അഹ്‌ലന്‍ റമദ്വാന്‍” പരിപാടിയില്‍ “നോമ്പിന്റെ ലക്ഷ്യം” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേവലം അന്നപാനീയങ്ങള്‍ വര്‍ജ്ജിക്കല്‍ മാത്രമല്ല നോമ്പെന്നും വിശുദ്ധ ഖുര്‍ആന്‍ വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യമായി പറഞ്ഞ സുക്ഷ്മതാ ബോധം (തഖ്‌വ) ജീവിതത്തിലുടനീളം നേടിയെടുക്കാന്‍ സാധിക്കുമ്പോള്‍ മാത്രമാണ് നോമ്പിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണ്ടി.
ധനസമ്പാദനത്തിനും വിനിയോഗത്തിനും ഇസ്‌ലാം നിഷ്‌കര്‍ഷിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുകയാണെങ്കില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ചൂഷണങ്ങള്‍ക്കും പരിഹാരം ഉണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിച്ച പ്രമുഖയുവ പണ്‍ഡിതന്‍ ഹുമയൂണ്‍ കബീര്‍ ഫാറൂഖി അഭിപ്രായപ്പെട്ടു.
മുന്‍കാല സമൂഹങ്ങള്‍ ഏകദൈവവിശ്വാസത്തോട് പുലര്‍ത്തിയിരുന്ന നിഷേധാത്മക നിലപാട് ഇന്നും തുടരുകയാണെന്ന് തൗഹീദ് എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ച പ്രമുഖപണ്ഡിതനും വാഗ്മിയുമായ അബ്ദുറഊഫ് മദനി പ്രസ്താവിച്ചു. അവരുടെ ഏകദൈവവിശ്വാസത്തിനു (തൗഹീദിനു) വിരുദ്ധമായ നിലപാടുകള്‍ പ്രവാചകന്മാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തങ്ങള്‍ തൗഹീദിനു വിരുദ്ധമായി യാതൊന്നും ചെയ്യുന്നില്ല എന്നായിരുന്നു എക്കാലത്തെയും പുരോഹിതന്മാരുടെയും ബഹുദൈവവിശ്വാസികളുടെയും ന്യായവാദം. ഇന്നും സമൂഹത്തിലെ പല മതപുരോഹിതന്മാരും ഏകദൈവവിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങള്‍ അവരിലുണ്ടെന്ന് വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ ഇതേ നിലപാടാണ് തുടരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തൗഹീദ് അംഗീകരിക്കുക മാത്രമല്ല, അത് ജീവിതത്തിന്റെ സര്‍വമേഖലകളിലും പ്രയോഗവല്‍ക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.
ഇസ്‌ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ലത്വീഫ് നല്ലളം അദ്ധ്യക്ഷനായിരുന്നു. സെന്റര്‍ വൈസ് പ്രസിഡണ്ട് മുനീര്‍ സലഫി സ്വാഗതവും എന്‍.കെ. മുസ്തഫ (സൗദി സൂപ്പര്‍ മാര്‍ക്കറ്റ്) അഹ്മദ് അന്‍സാരി, കുഞ്ഞിപ്പ, സി. മുഹമ്മദ്. ടി. പി. കുഞ്ഞഹമ്മദ് എന്നിവര്‍ പ്രസീഡിയം നിയന്ത്രിക്കുകയും മുഹമ്മദ് ശൗലി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം