കോഴിക്കോട്: മണ്ണിനെ കച്ചവടച്ചരക്കാക്കുന്ന ഭൂമാഫിയക്കാരില്‍ നിന്നും കൃഷിഭൂമി മോചിപ്പിച്ച് കര്‍ഷകരുടെ കൈകളിലെത്തിക്കാന്‍ ശ്രമങ്ങളുണ്ടാവണമെന്ന് ഐ എസ് എം സംസ്ഥാനസമിതി കോഴിക്കോട്ട് സംഘടിപ്പിച്ച `ജൈവസുരക്ഷ, ജീവിത രക്ഷ' പരിസ്ഥിതി സെമിനാര്‍ അഭിപ്രായപ്പെട്ടു. കൃഷി ഭൂമി കര്‍ഷകന്റേതല്ലാതാക്കാന്‍ ഗൂഢമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കച്ചവടക്കാരും പുത്തന്‍ വികസനക്കാരും ഭൂമിയെ ദിനംപ്രതി കൊല്ലുകയാണ്. ഭൂമി കയ്യേറിയും കണ്ടല്‍കാടുകളം നെല്‍വയലുകളും നശിപ്പിച്ചും ജൈവവൈവിധ്യം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ജൈവസമ്പത്ത് നശിപ്പിച്ചുകൊണ്ടുള്ള വികസനം വേണ്ടെന്നും എല്ലാ ജീവികള്‍ക്കും അവയുടെ ആവാസ സുരക്ഷിതത്വം വകവെച്ചുകൊടുക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
ആഗോളതാപനമടക്കം പ്രപഞ്ചവും ഭൂമിയും നേരിടുന്ന ഗുരുതര പ്രതിസന്ധികളുടെ ഉറവിടം ജൈവനശീകരണമാണ്. രാസകീടനാശിനികള്‍ തളിച്ചും തരിശാക്കിയും ജീവച്ഛവമാക്കിയ മണ്ണിനെ പുഷ്‌ടിപ്പെടുത്തി പ്രത്യുല്‍പാദനപരമാക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാവണം. വനനശീകരണത്തിനെതിരെയുള്ള നിയമങ്ങള്‍ നോക്കുകുത്തികളാകുന്നതില്‍ സെമിനാര്‍ ആശങ്ക രേഖപ്പെടുത്തി. വീട് വെക്കുമ്പോഴും ഭൂമി കൈമാറ്റം നടത്തുമ്പോഴും നിശ്ചിതസ്ഥലത്ത് കൃഷി നടത്തിയിരിക്കണമെന്ന് നിയമംമൂലം ഉറപ്പുവരുത്തണമെന്നും, ജൈവകൃഷിയെക്കുറിച്ച് പുതിയ തലമുറയില്‍ അവബോധമുണ്ടാക്കാന്‍ പാഠ്യപദ്ധതിയില്‍ അവ ഉള്‍പ്പെടുത്തണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നിലകണ്‌ഠന്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രകൃതിയുടെ സന്തുലനം തകര്‍ക്കുന്ന വികസന ഇടപെടലുകള്‍ക്കെതിരെ ഭൂമിയെ സ്‌നേഹിക്കുന്നവര്‍ ശബ്‌ദമുയര്‍ത്തണമെന്നും പ്രപഞ്ചത്തിന്റെയും മനഷ്യരാശിയുടെയും ദാരുണ അന്ത്യത്തിലേക്ക് നയിക്കുന്ന ജൈവ നശീകരണത്തെക്കുറിച്ച് സമൂഹത്തിന് തിരിച്ചറുവുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പ്രപഞ്ചത്തിന്റെയും മനുഷ്യവംശത്തിന്റെയും ആരോഗ്യകരമായ നിലനില്‌പാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നതെന്ന് പ്രബന്ധം അവതരിപ്പിച്ച ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. സ്വാര്‍ഥത മൂലം മനുഷ്യന്‍ ശുദ്ധപ്രകൃതി നശിപ്പിച്ചതാണ് ഇന്ന് കാണുന്ന എല്ലാ പ്രകൃതി പ്രതിസന്ധികള്‍ക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. `ഒരു വീട് ഒരു അടുക്കളത്തോട്ടം' പദ്ധതിയുടെ ഉദ്‌ഘാടനം ഐ എസ് എം സിറ്റി മേഖലാ സെക്രട്ടറി ജാനിഷ് മുഹമ്മദിന് പച്ചക്കറി വിത്ത് നല്‌കി പ്രൊഫ. ശോഭീന്ദ്രന്‍ നിര്‍വഹിച്ചു. `വണ്‍ലൈഫ് വണ്‍എര്‍ത്ത്' എഡിറ്റര്‍ കെ വി ശിവപ്രസാദ്, ഖദീജാ നര്‍ഗീസ്, യു പി യഹ്‌യാഖാന്‍, ശുക്കൂര്‍ കോണിക്കല്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം