ദുബൈ: എൻഡോസൾഫാൻ പ്രശ്നം ദുരിതത്തിന്റെ ഇരകൾ ഉയർത്തിക്കൊണ്ടു വന്നതാണെന്നു പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ അഭിപ്രായപ്പെട്ടു. ‘അതിജീവനത്തിന് പ്രകൃതിയിലേക്ക്’ എന്ന സന്ദേശത്തിൽ യു എ ഇ ഇസ്‌ലാഹി സെന്റർ ദുബൈ മുനിസിപ്പാലിറ്റിയുമായി സഹകരിച്ചു നടത്തിയ കേരള ഇസ്‌ലാമിക് സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കീടനാശിനികൾ കൊണ്ട് കീടങ്ങളും കീടനാശിനി കമ്പനികളും കൂടുകയാണു ചെയ്തത്. വായു, വെള്ളം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന സ്രോതസ്സുകൾ മലിനമാക്കിയ കീടനാശിനികൾ രോഗവും ദുരിതവും ശാരീരികശോഷണവുമാണ് പകരം നൽകിയത്. ഉല്പാദിപ്പിക്കുന്നതൊന്നും ഉപയോഗിക്കാത്ത, ഉപയോഗിക്കുന്നതൊന്നും ഉല്പാദിപ്പിക്കാത്ത കമ്പോളകേന്ദ്രമായി കേരളം മാറിയിട്ടുണ്ട്. തലമുറകൾക്കു വേണ്ടി കമ്പോളത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നതോടൊപ്പം ഉപേക്ഷിച്ചുമാതൃകയാകുന്ന സംസ്കാരം വളർത്തണം. വികസനമാണു പുരോഗതിയെന്ന സങ്കല്പം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പ്രചരിപ്പിച്ചതാണ്. ശാസ്ത്രം സർവപ്രശ്നങ്ങളും പരിഹരിക്കുമെന്ന് വ്യാമോഹിക്കുന്നവരാണ് ഏറ്റവും വലിയ അന്ധവിശ്വാസികളെന്ന് സി ആർ പറഞ്ഞു.
പ്രകൃതി തീറെഴുതിയക്കിട്ടിയതാണെന്ന ധാർഷ്ട്യം മനുഷ്യൻ ഒഴിവാക്കണമെന്ന് സെമിനാറിൽ സംസാരിച്ച ഫ്രണ്ട് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. കെ പി ഉണ്ണികൃഷ്ണൻ പറഞ്ഞു. ആഗോളതാപനം ആശങ്കാജനകമായ വിധത്തിലാണുയരുന്നത്. സമുദ്രജലം ചൂടായി വികസിക്കുന്നത് ജലജീവികൾ നശിക്കുന്നതിനു പുറമെ ജലവിതാനം ഉയർത്തി ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം തെളിവുകളുദ്ധരിച്ച് സമർത്ഥിച്ചു.
പ്രപഞ്ചവീക്ഷണം, ദൈവീകനീതി, പ്രപഞ്ചോൽപ്പത്തി, ജൈവേതര വസ്തുക്കളുടെ സവിശേഷത എന്നിവ വ്യവഛേദിച്ചു വ്യക്തമാക്കിയ ഖുർആൻ, പ്രകൃതിയുമായി സൌഹൃദപ്പെട്ടും സഹവർത്തിച്ചും കഴിയണമെന്നാണ് ആഹ്വാനം ചെയ്യുന്നതെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുർറഹ്മാൻ കിനാലൂർ പറഞ്ഞു. പ്രകൃതിയുടെ പ്രത്യേകത പഠിച്ചും പരിശോധിച്ചും സ്രഷ്ടാവിനെ കണ്ടെത്താനാണ് മതം ആവശ്യപ്പെടുന്നത്. പ്രകൃതിയിൽ ഒട്ടനേകം ജീവജാലങ്ങളുണ്ടെങ്കിലും മനുഷ്യൻ മാത്രമാണ് പ്രകൃതിക്ക് പരുക്കേൽപ്പിക്കുന്നതെന്ന് കിനാലൂർ വ്യക്തമാക്കി. ഷാജഹാൻ മാടമ്പാട്ട് മോഡറേറ്ററായ സെമിനാർ ദുബൈ മുനിസിപ്പാലിറ്റിയിലെ എൻവയോണ്മെന്റ് ഓഫീസർ മുഹമ്മദ് അലി ഹാഷിം അഹമ്മദ് അൽഹുസൈൻ ഉദ്ഘാടനം ചെയ്തു. വീക്ഷണം വിചാരവേദി പ്രതിനിധി സുഭാഷ് ചന്ദ്രബോസ്, ഹാറൂൺ കക്കാട്, ഷഹീൻ അലി പ്രസംഗിച്ചു. ശ്രോതാക്കളുടെ സംശയങ്ങൾക്ക് വിഷയാവതാരകർ മറുപടി നൽകി.
രാവിലെ നടന്ന കുടുംബ സെഷൻ യു എ ഇ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് വി പി അഹ്‌മദ്കുട്ടി മദനി എടവണ്ണ ഉദ്ഘാടനം ചെയ്തു. ‘മതം-ജീവിതം-ദർശനം’, ‘കുടുംബ-ധാർമികരേഖ’ എന്നീ വിഷയങ്ങൾ യഥാക്രമം പണ്ഡിതരായ പി മൂസ സ്വലാഹിയും ഖാലിദ് മദനിയും (ശ്രീമൂലനഗരം) അവതരിപ്പിച്ചു. വീരാൻ സലഫി അധ്യത വഹിച്ചു. കെ എ ജാഫർ സാദിഖ്, ജാബിർ കൊല്ലം പ്രസംഗിച്ചു. ബാലസമ്മേളനം എഞ്ചിനീയർ മുഹമ്മദ് തമീം ഉദ്ഘാടനം ചെയ്തു. സാദിഖലി കക്കാട്, കബീർ എടവണ്ണ നേതൃത്വം നൽകി. ഫഹീം കൊച്ചി, പി കെ ജസീൽ സംസാരിച്ചു.
സെമിനാറിനോടനുബന്ധിച്ച് നടന്ന ടീൻസ് മീറ്റ് അഡ്വ. സാജിദ് വടകര ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിയാദ് പി കെ, മുജീബുർറഹ്മാൻ പാലത്തിങ്ങൽ, അബൂബക്കർ മലോറം, ഫൈസൽ മാഹി, മുഹമ്മദ് ഇല്യാസ് പ്രസംഗിച്ചു.
സേമിനാർ നഗരിയിൽ നടന്ന് ജുമുഅ നമസ്കാരത്തിന് ഷറഫുദ്ദീൻ മദനി നേതൃത്വം നൽകി. സമാപന സമ്മേളനം ‘എയിം’ ജനറൽ കൺവീനർ അഡ്വ. കെ എസ് എ ബഷീർ ഉദ്ഘാടനം ചെയ്തു. കേരള ജംഇയത്തുൽ ഉലമ വൈസ് പ്രസിഡന്റ് മൌലവി സിയെം ആലുവ മുഖ്യപ്രഭാഷണം നിർവഹിച്ചു. ‘ഫോക്കസ്’ ഖത്തർ ചാപ്റ്റർ പ്രതിനിധി സൻജബീൽ മിസ്‌രി പങ്കെടുത്തു.
സെമിനാറിനോടനുബന്ധിച്ച് യു എ ഇയിലെ സ്കൂൾ വിദ്യാർഥികൾക്കിടയിൽ നടത്തിയ ചിത്രരചന മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വി എ ഹസ്സൻ സാഹിബ്, സാബിർ എ എം ടി, ബഷീർ പടിയത്ത് എന്നിവർ വിതരണം ചെയ്തു. ഇസ്‌ലാഹി സെന്റർ യു എ ഇ ജനറൽ സെക്രട്ടറി പി ഐ മുജീബുർറഹ്മാൻ സ്വാഗതവും ദുബൈ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ വാഹിദ് മയ്യേരി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം